ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

             തച്ചന് എട്ട് കരയും, സിദ്ധനല്ലൂരും ലോപിച്ചുണ്ടായ തച്ചനാട്ടുകര, ചെത്തല്ലൂര്‍ എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഈ ഭൂപ്രദേശത്തിന് പ്രാചീനമായ ഒരു ചരിത്രമുണ്ട്. ചേരമാന്‍ പെരുമാളില്‍ നിന്ന് തീട്ടൂരം കിട്ടി, സാമൂതിരിരാജാവ് വാണരുളിയതാണ് ഈ പ്രദേശം. വ്യത്യസ്ത കാലഘട്ടങ്ങളിലായി മലബാറിന്റെ മലമ്പ്രദേശത്ത് എത്തപ്പെട്ട നാഗന്മാരുടെ പിന്‍തലമുറക്കാരാണത്രെ പഞ്ചായത്തിലെ നായര്‍, തിയ്യര്‍, ചെറുമര്‍ എന്നീ സമുദായങ്ങള്‍. മലദൈവങ്ങളെ ആരാധിച്ചിരുന്ന ഈ വിഭാഗത്തിന്റെ ആരാധനാകേന്ദ്രങ്ങളായിരുന്നു പുത്തനങ്ങാടി, പഴഞ്ചീരി, കൊടക്കാട്, മുല്ലക്കല്‍, കിഴിശ്ശേരി തുടങ്ങിയ ശിവക്ഷേത്രങ്ങളും, എടശ്ശേരി വേട്ടക്കൊരുമകന്‍ ക്ഷേത്രവും, കുളങ്കരതൊടി, കളത്തുപടി, നെടുമ്പകുന്ന്, കിഴക്കുംപുറം പ്രദേശങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളും. ആദിദ്രാവിഡ വിഭാഗത്തില്‍പ്പെട്ട പാണന്‍, പറയന്‍, മണ്ണാന്‍ തുടങ്ങിയ സമുദായങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്ന ഈ പ്രദേശത്തെത്തിപ്പെട്ടു. ആമയൂര്‍ മനയ്ക്കലാണത്രെ വരരുചിയുടെ പറയിപെറ്റ പന്തിരുകുലത്തില്‍ ഉള്‍പ്പെട്ട നാറാണത്തുഭ്രാന്തന്‍ ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ ശ്രാദ്ധദിനമാണത്രെ മീനമാസത്തിലാചരിക്കുന്ന മൂലം ഊട്ട്. ആര്യവംശജരുടെ ആഗമനത്തോടെയാണ് വിഷ്ണുക്ഷേത്രങ്ങള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ചെത്തല്ലൂര്‍, കൊടക്കാട്, മുല്ലക്കല്‍, കുറുമാലി, രാമന്‍ തൃക്കോവില്‍, തെഞ്ചീരി, കിഴക്കുമ്പുറം, ഗോവിന്ദപുരം, മുണ്ടമ്പലം, ഇളംകുന്ന്, കിഴിശ്ശേരി, കുറുമാലിക്കാവ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ വിഷ്ണുക്ഷേത്രങ്ങളാണ്. ആര്യ-ദ്രാവിഡ വിഭാഗങ്ങള്‍ ഈ പ്രദേശത്ത് സഹകരിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ വിഷ്ണുക്ഷേത്രങ്ങളില്‍ ഉപദേവതകളും, പ്രതിഷ്ഠിക്കപ്പെട്ടു. ദ്രാവിഡസംസ്ക്കാരത്തിന്റെ ഭാഗമായ നാഗാരാധന ഈ പ്രദേശത്തെ നമ്പൂതിരി, ഗുപ്തന്‍, നായര്‍, തണ്ടാന്‍ തുടങ്ങിയ സമുദായങ്ങള്‍ അംഗീകരിക്കുകയും വീട്ടുവളപ്പില്‍ പാമ്പിന്‍കാവുകള്‍ ആരാധനയ്ക്കായി സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്തിലെ മുസ്ളീം ജനവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അണ്ണാംതൊടിയിലെ പള്ളിക്കല്‍ചോല എന്ന പ്രദേശത്ത് കാണുന്ന പളളിത്തറയും പള്ളികുളവും ഖബറുകളും, പാറമ്മല്‍ മദ്രസയ്ക്ക് സമീപം തൊട്ടിപ്പറമ്പില്‍ ജമാലുവിന്റെ വീട്ടുവളപ്പില്‍ കാണപ്പെടുന്ന ഖബറുകളും, പൊതിയില്‍ ജുമാമസ്ജിദ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് മുമ്പ് കാണപ്പെട്ടിരുന്ന ഖബറുകളും, നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്ന മുസ്ളീങ്ങള്‍ ഇവിടെ വാസം ഉറപ്പിച്ചിരുന്നു എന്നതിന് തെളിവാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലായി പഞ്ചായത്തില്‍പ്പെട്ട വിവിധ സമുദായക്കാര്‍ പഞ്ചായത്തിന്റെ സാംസ്കാരനിര്‍മ്മിതിയില്‍ അവരുടേതായ പങ്ക് വഹിച്ചവരാണ്. ആര്യ വൈശ്യ സമുദായത്തിലെ മുസലിയാത്ത്, അമ്പലത്ത്, ആയിച്ചത്ത്, കരിപ്പുമാന്‍ വീട്, പൊത്തിരത്ത്, അടിയത്ത്, കൂത്തന്‍ വീട് തുടങ്ങിയ 7 വീട്ടുകാര്‍ സ്ഥാപിച്ച ക്ഷേത്രമാണ് പനങ്കുറിശ്ശി ഭഗവതിക്ഷേത്രം. അടുത്ത കാലം വരെയും ചെത്തല്ലൂര്‍ വില്ലേജിലെ അധികാരിജോലി ഈ സമുദായത്തിന് പാരമ്പര്യമായി അവകാശപ്പെട്ടതായിരുന്നു. മധുരവീരനെ ആരാധിക്കുന്ന ചക്ളിയ സമുദായത്തില്‍ പെട്ടവരെ, ഹൈദരാലിയുടേയും ടിപ്പുവിന്റെയും സൈനികാവശ്യാര്‍ത്ഥം തുകലുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണത്രെ തെലുങ്കുനാട്ടില്‍നിന്നും ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചത്. മാരിയമ്മന്‍ കോവിലുകളില്‍ ആരാധന നടത്തുന്ന ചെട്ടിയാര്‍ സമുദായം ഈ പഞ്ചായത്തിലുണ്ട്. വീടുകളില്‍ ശാക്തേയപൂജ നടത്തുന്ന ആറന്‍മാര്‍ താമസിച്ചിരുന്ന സ്ഥലമാണത്രെ ആറന്‍കുണ്ട് പ്രദേശം. മക്കത്തായം സ്വീകരിച്ച ബ്രാഹ്മണര്‍, ഗുപ്തര്‍, പൊതുവാള്‍, തണ്ടാര്‍, ചെറുമര്‍, മണ്ണാന്‍ തുടങ്ങിയ സമുദായങ്ങളും മരുമക്കത്തായം സ്വീകരിച്ച നായര്‍, വാരിയര്‍, വെളുത്തേടന്‍ തുടങ്ങിയ സമുദായങ്ങളും പഴയ ദായക്രമം, ആധുനികപരിഷ്കാരം എത്തുന്നതുവരെ തുടര്‍ന്നുവന്നിരുന്നു. നാട്ടുകല്‍ എന്ന സ്ഥലത്തിന് ആ പേരു തന്ന വരാന്‍ കാരണമായ നാട്ടുകല്ലും, പാലോടിലുള്ള നാട്ടുകല്ലും, മഹാശിലായുഗാവശിഷ്ടങ്ങളില്‍ പൊതുവായി കാണപ്പെടുന്ന നന്നങ്ങാടികളും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വെട്ടുകല്ലില്‍ തീര്‍ത്ത കുഴികളില്‍ കരിങ്കല്ലുകൊണ്ട് അറകളുണ്ടാക്കി മൃതശരീരവും ജീവിതകാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളും അടക്കം ചെയ്തിരുന്ന ഇടത്തരം നന്നങ്ങാടികള്‍ പടിഞ്ഞാറെ പാലോട്, കാരക്കാട്, വലിയപറമ്പ്, മേലേകൊടക്കാട്, കുട്ടന്‍കാവ്, വാഴക്കാട്, അമ്പലപരിസരം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. പഞ്ചായത്തില്‍ വ്യാപകമായി ഇരുമ്പുഖനനം നടന്നതിന്റെ തെളിവാണ് കുട്ടന്‍കാവ്, ചെത്തല്ലൂര്‍ ബാങ്ക് പരിസരം, കൊടുങ്ങക്കളം, വള്ളുവക്കാടന്‍കുന്ന്, ചൂലുംകുന്ന്, പാലോട്, അത്തിപ്പററവളപ്പ്, മുണ്ടമ്പലംകുന്ന്, പിലാക്കുന്ന്, തേങ്ങാകണ്ടംമല, നെല്ലിക്കുന്ന്, ചാമപ്പറമ്പ്, നറുക്കോട് ചോളോട് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അയിരുമട(ഖനി)കളുടെ അവശിഷ്ടങ്ങള്‍. ആധ്യാത്മികസത്യങ്ങളെയും ലൌകികജീവിതത്തിലെ പ്രായോഗികതത്വങ്ങളെയും സമന്വയിപ്പിച്ച് സാധാരണക്കാരന് പഠിപ്പിച്ച നാറാണത്തുഭ്രാന്തന്‍ താമസിച്ച നാറാണത്തുമനയും ഭ്രാന്തന്‍കുന്നും ഉരുട്ടിയ കല്ലും ചരിത്രവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നവയാണ്. ഭൂമിയില്‍ ജന്മാവകാശവും കൈവശാവകാശവും ഉണ്ടായിരുന്ന ആദ്യകാലനിവാസികളായ നായര്‍, തിയ്യര്‍, ചെറുമര്‍, മണ്ണാന്‍ തുടങ്ങിയവര്‍, ബ്രാഹ്മണാഗമനവും ക്ഷേത്രനിര്‍മ്മാണവും നടന്നതോടെ ജന്മാവകാശം ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും രാജാക്കന്‍മാര്‍ക്കുമായി ദാനം ചെയ്തു. കാണാവകാശവും കൈവശാവകാശവും കൊണ്ട് ജന്മാവകാശികള്‍ തൃപ്തിപ്പെട്ടു. കരിങ്കല്ലത്താണി, ശ്രീകൃഷ്ണപുരം റോഡും, നാട്ടുകല്‍, തള്ളച്ചിറവഴി കടന്നുപോകുന്ന ടിപ്പുസുല്‍ത്താന്‍ റോഡും ടിപ്പുവിന്റെ പടയോട്ടചരിത്രവുമായി ബന്ധമുള്ളതാണ്. ജന്മി-കുടിയാന്‍ വ്യവസ്ഥ 1970 വരെ നിലനില്‍ക്കുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിനെതിരായി 1921-ല്‍ ആരംഭിച്ച ഖിലാഫത്തുപ്രസ്ഥാനം ഈ പ്രദേശത്തും ചില ചലനങ്ങളുണ്ടാക്കി. ചില സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടത്തിനുള്ള അവസരമായി ഇതിനെ ദുരുപയോഗപ്പെടുത്തിയപ്പോള്‍ ഈ പ്രദേശത്തെ ഹിന്ദു-മുസ്ളീം ജനവിഭാഗങ്ങള്‍ അതിനെ ഒത്തൊരുമിച്ച് എതിര്‍ത്തു. ചെത്തല്ലൂരിലെ അത്തിപ്പറ്റമന അക്രമിക്കപ്പെട്ടപ്പോള്‍ അക്രമകാരികളെ പിന്തിരിപ്പിക്കുന്നതിനും കൊള്ളമുതല്‍ തിരിച്ചുകൊടുപ്പിക്കുന്നതിനും കരിങ്കല്ലത്താണി, പുവ്വത്താണി പ്രദേശങ്ങളിലെ മുസ്ളീങ്ങള്‍ മുന്‍കൈയ്യെടുത്തു. കലാപകാരികളെ അമര്‍ച്ച ചെയ്യുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇറക്കുമതി ചെയ്ത ഗൂര്‍ഖ റെജിമെന്റുകാരില്‍ നിന്നും ചളപറമ്പില്‍ കുഞ്ഞിക്കമ്മക്ക് വെടിയേറ്റുമരിക്കേണ്ടി വന്നപ്പോള്‍ നാടുകടത്തലും മര്‍ദ്ദനമുറകളും ശിക്ഷയായി ലഭിച്ചവര്‍ നിരവധിയാണ്. കാരയില്‍ അബ്ദുള്ളഹാജി, പുത്തനങ്ങാടി കിഴക്കേതലക്കല്‍ അബ്ദുള്ള മുസ്ള്യാര്‍, പൊതിയില്‍ തൊട്ടിപ്പറമ്പില്‍ അവുളക്കുട്ടി ഹാജി, പൊതിയില്‍ കുഞ്ഞയമു, ചളപറമ്പില്‍ അഹമ്മദ്, പുളിയത്ത് കുഞ്ഞയമു, പുഴക്കല്‍ പോക്കര്‍, കൂടേങ്കലന്‍ അയമു, പട്ടംതൊടിമമ്മു, കല്ലായി വീരാന്‍, തച്ചന്‍കുന്നന്‍ കുഞ്ഞാലന്‍, അഴകുവളപ്പില്‍ കുഞ്ഞയമു, കുറുമ്പോട്ടുതൊടി ഖാദര്‍, കടലമ്പറമ്പില്‍ മമ്മു, കടലമ്പറമ്പില്‍ അഹമ്മദ് തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുതിയില്‍ ഗോവിന്ദന്‍കുട്ടി നായരെയും ചെത്തല്ലൂരിലെ വാഴംകണ്ടത്തില്‍ ശങ്കരനാരായണവാര്യരെയും ഇന്ത്യാഗവണ്‍മെന്റ് താമ്രപത്രവും പെന്‍ഷനും നല്‍കി ആദരിക്കുകയുണ്ടായി. കടലമ്പറമ്പില്‍ മമ്മു, അഹമ്മദ്, അഴുകുവളപ്പില്‍ കുഞ്ഞയമ്മു തുടങ്ങിയവരും ഇവിടത്തെ സ്വാതന്ത്യ്ര സമരസേനാനികളായിരുന്നു. നാട്ടുകല്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന എം.ജി.നായര്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും 3 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയുമുണ്ടായി. കൈവശഭൂമി ഒഴിപ്പിക്കലിനെതിരെയും പാട്ടം വെട്ടിച്ചുരുക്കുന്നതിനു വേണ്ടിയും നിരവധി സമരങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടക്കുകയുണ്ടായി. ദേശീയനേതാക്കളായിരുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍, ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ വിവിധ കാലഘട്ടങ്ങളില്‍ ഈ പഞ്ചായത്തില്‍ വന്നിട്ടുണ്ട്. കലാസാംസ്കാരികരംഗങ്ങളില്‍ മഹത്തായ പാരമ്പര്യം ഈ പ്രദേശത്തിന് അവകാശപ്പെടാനുണ്ട്. 1893-ല്‍ ചെത്തല്ലൂര്‍ ഇടമനയില്‍ ഒതേനത്ത് രാമന്‍നായര്‍ പഞ്ചായത്തില്‍ കഥകളി പഠിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഒരു വ്യാഴവട്ടക്കാലം നല്ലനിലയില്‍ പ്രവര്‍ത്തിച്ച കഥകളിയോഗം 1905-ല്‍ ഏറനാട്ട് പൊന്‍മുള കരിപ്പോട്ടു നാരായണന്‍ മൂസ്സത് ഏറ്റെടുക്കുകയാണുണ്ടായത്. കഥകളിരംഗത്തെ അതുല്യ പ്രതിഭയായിരുന്ന തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര്‍ നാട്യരചന എന്ന കഥകളി ഗ്രന്ഥം എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. കോട്ടയത്തു തമ്പുരാനില്‍നിന്നും നാട്യാചാര്യന്‍ ബഹുമതികളും വീരശൃംഖലകളും ലഭിച്ച അദ്ദേഹം, 1963-ല്‍ രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദില്‍നിന്ന് കേന്ദ്രസംഗീത അക്കാഡമി അവാര്‍ഡും കീര്‍ത്തിമുദ്രയും ഏറ്റുവാങ്ങുകയുണ്ടായി. കഥകളിയെപ്പോലെ തന്ന ക്ഷേത്രവാദ്യകലകള്‍, നാടകം, നൃത്തം, സംഗീതം, അയ്യപ്പന്‍പാട്ട് തുടങ്ങിയ കലകളില്‍ പ്രഗത്ഭരായ നിരവധിപേര്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. ആയുര്‍വ്വേദം, നേത്രചികിത്സ, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, നാട്ടുചികിത്സ, തോല്‍പ്പാവകൂത്ത് തുടങ്ങിയവയില്‍ പ്രാഗത്ഭ്യം നേടിയവരും കുറവല്ല. ആയൂര്‍വ്വേദം, തച്ചുശാസ്ത്രം, നേത്രചികിത്സ, ജ്യോതിശാസ്ത്രം, സംഗീതം എന്നീ രംഗങ്ങളിലും ഈ പഞ്ചായത്തില്‍ പ്രഗത്ഭരുണ്ടായിരുന്നു. മകരമാസത്തിലെ തൈപൂയനാളില്‍ ആഘോഷിക്കുന്ന നാഗേനിപൂജയും പനങ്കുറിശിക്കാവിലെ പൂരമഹോത്സവവുമാണ് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങള്‍. തിറ, പൂതന്‍കളികള്‍, കാളവേല, പരിചമുട്ടുകളി, നായാടിക്കളി, തിരുവാതിരക്കളി, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, പുള്ളുവന്‍പാട്ട്, നന്തൂര്‍പാട്ട്, അയ്യപ്പന്‍ വിളക്ക്, ഭഗവതിപാട്ട്, കളംപാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങള്‍ പഞ്ചായത്തില്‍ പ്രചാരത്തിലുണ്ട്. അരക്കില്ലം പണിത തച്ചന് പാണ്ഡവര്‍ ദാനംചെയ്തതെന്ന് ഐതിഹ്യമുള്ള തച്ചനാട്ടുകരയും, തള്ളച്ചിറ, കുടപ്പനവീട് മുതല്‍ അരക്ക്പറമ്പ് വരെയുള്ള ഗുഹയും, സമ്പല്‍ സമൃദ്ധിക്ക് തടയണ സൃഷ്ടിക്കാന്‍ പ്രതിഷ്ഠിച്ച ചോട്ടാഭഗവതിക്ഷേത്രവും പോത്ത് മുങ്ങിപോയതെന്ന് വിശ്വസിക്കപ്പെടുന്ന പോത്തുമുങ്ങിപ്പാറയും, ആനയിറങ്ങി നിരന്നിരുന്ന ആനവരവ് പറമ്പും, തല്ലുപറമ്പും, പൊതിയില്‍ പള്ളി വളപ്പിലെ പാറ തുരന്നുണ്ടാക്കിയിട്ടുള്ള ഖബറുകളും, നാട്ടുകല്ലുകളും അണ്ണാംതൊടിയിലെ ഖബറുകളും നന്നങ്ങാടികളും അയിരുമടകളും ചരിത്രത്തിന്റെ ദശാസന്ധിയില്‍ പഞ്ചായത്തില്‍ എത്തിപ്പെട്ട വ്യത്യസ്ത ജനവിഭാഗങ്ങളുടെ സ്മരണകളുണര്‍ത്തുന്നു. 10 പറ ഉപ്പുനിറച്ച ചാക്ക് പല്ലില്‍ തൂക്കി സമ്മാനം നേടിയ പാലോടന്‍ ഇത്ത്യേമുവും, നരിയെ പിടിച്ച് കൂട്ടിലാക്കി നരിപിടിയനായ കുഴിയാക്കിലി അപ്പുകുട്ടി മൂത്താനും, ഭാരോദ്വാഹനത്തിന് പേരുകേട്ട കളത്തൊടി കൃഷ്ണന്‍ മൂത്താനും, കരിങ്കറപാടത്തുനിന്നും പുതുമനയിലേക്കും, ചെരിപുറത്തുനിന്നും തിയ്യത്തുപാടത്തേക്കും ജലസേചനതുരങ്കങ്ങള്‍ നിര്‍മ്മിച്ച അധ്വാന ശീലരായ ആളുകളും ഈ നാടിന്റെ ചരിത്രത്തില്‍ സാഹസികതയുടെ അധ്യായം രചിച്ചവരാണ്. നാനാജാതിക്കാരും ഇടകലര്‍ന്ന് ജീവിക്കുന്ന ഇവിടത്തെ സമൂഹത്തില്‍ ആര്യ-ദ്രാവിഡ സംസ്കാരത്തിന്റെയും ഇസ്ളാമിക സംസ്കാരത്തിന്റെയും സമ്മിശ്രമുഖം ദര്‍ശിക്കാന്‍ കഴിയും. വ്യത്യസ്ത രാഷ്ട്രീയപ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ഇടകലര്‍ന്ന് ജീവിക്കുന്നു. തച്ചനാട്ടുകര പഞ്ചായത്തിന്റെ സംസ്ക്കാര നിര്‍മ്മിതിയില്‍ ഹിന്ദുമുസ്ളീം ഐക്യം നല്‍കിയ സംഭാവനകള്‍ മഹത്തരങ്ങളാണ്. 1921-ല്‍ ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ചില സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടത്തിനുള്ള അവസരമായി അതിനെ ദുരുപയോഗപ്പെടുത്തിയപ്പോള്‍ പഞ്ചായത്തിലെ ഹിന്ദു-മുസ്ളീം സഹോദരന്‍മാര്‍ ഒത്തൊരുമിച്ച് അതിനെതിരെ കൈകോര്‍ത്തുനിന്നു. വലുതും ചെറുതുമായി ധാരാളം ക്ഷേത്രങ്ങളും, മുസ്ളീംപള്ളികളും പഞ്ചായത്തില്‍ കാണാം. ശില്പഭംഗിയില്‍ മികച്ചുനില്‍ക്കുന്ന പനങ്കുറുശ്ശിക്കാവ് ക്ഷേത്രവും, കരിങ്കാളികാവ്, കുറുമാലികാവ് ക്ഷേത്രങ്ങളും, വാഴക്കാട്, പുല്ലാനിവെട്ട, ചാമപ്പറമ്പ് ക്ഷേത്രങ്ങളും, ചരിത്രപ്രസിദ്ധമായ നാട്ടുകല്‍പള്ളി പാറമ്മല്‍പള്ളി എന്നീ പള്ളികളുമാണ് പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങള്‍. ക്ഷേത്രങ്ങളിലെ താലപ്പൊലികളും, പൂരാഘോഷങ്ങളും, ഓണം, പെരുന്നാള്‍, നേര്‍ച്ച, സ്കൂള്‍ വാര്‍ഷികങ്ങള്‍, നബിദിനാഘോഷങ്ങള്‍ എന്നിവയും പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. പൂതവും, തിറയും, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, അയ്യപ്പന്‍വിളക്ക്, തെക്കത്തിനാടകം, മാപ്പിളപ്പാട്ട് തുടങ്ങിയ കലകളും പഞ്ചായത്തിലെങ്ങും അവതരിപ്പിക്കപ്പെട്ടു വരുന്നു. കഥകളി, ബാലെ, കഥാപ്രസംഗം, ഇസ്ളാമിക ചരിത്ര കഥാപ്രസംഗം എന്നിവയ്ക്കൊക്കെ അര്‍ഹിക്കുന്ന പ്രചാരമുണ്ടായിരുന്ന നാടാണിത്. മലബാര്‍ ജില്ലയില്‍ വള്ളുവനാട് താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന ഈ കര 1969-ഓടു കൂടി മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമായി.